This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോസ്ഡ് ഷോപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോസ്ഡ് ഷോപ്പ്

Closed shop

തൊഴിലുടമകളും തൊഴിലാളിസംഘടനകളും തമ്മിലുണ്ടാക്കുന്ന ഒരു കരാര്‍. ഇതനുസരിച്ച് തൊഴിലാളി സംഘടനകളില്‍ അംഗങ്ങളായവരെ മാത്രമേ ഒരു തൊഴിലുടമ തൊഴിലില്‍ ഏര്‍പ്പെടുത്താറുള്ളൂ; സംഘടനയില്‍ അംഗമായിരിക്കുന്ന കാലത്തോളം മാത്രമേ തൊഴില്‍ നല്കുകയുമുള്ളൂ. സംഘടിത വിലപേശല്‍ ഉടമ്പടിയില്‍ ഇത് വ്യവസ്ഥ ചെയ്തിരിക്കും.

തൊഴില്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തുന്ന ഈ കരാറിന്റെ പ്രാഗ്രൂപം 16-ഉം 17-ഉം ശതകങ്ങളിലെ ഇംഗ്ലീഷ് ഗില്‍ഡുകളില്‍ ദൃശ്യമായിരുന്നു. ഗില്‍ഡ് അംഗങ്ങള്‍ അംഗങ്ങളല്ലാത്തവരോട് ചേര്‍ന്ന് തൊഴില്‍ ചെയ്യുന്നത് ഗില്‍ഡ് നിയമങ്ങള്‍ വിലക്കിയിരുന്നു. യു.എസ്സിലെ തൊഴില്‍സംഘടനകളും 19-ാം ശതകത്തിന്റെ തുടക്കത്തില്‍ ഇതിനോട് സാദൃശ്യമുള്ള ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് 19-ഉം 20-ഉം ശതകങ്ങളില്‍ യു.എസ്സില്‍ മിക്ക പണിമുടക്കുകളും ഉണ്ടായത്.

മറിച്ച് നിയന്ത്രണങ്ങളില്ലെങ്കില്‍, ഒരു സ്റ്റേറ്റിനുള്ളിലെ വ്യവസായങ്ങളില്‍ ക്ലോസ്ഡ് ഷോപ്പ് നിയമവിധേയമാണ്. വാക്കാലുള്ള ഉടമ്പടിയനുസരിച്ച് മിക്ക സ്റ്റേറ്റുകളിലും അനൌപചാരികവും നിയമവിരുദ്ധവുമായ ക്ലോസ്ഡ് ഷോപ്പ് നടപ്പിലുണ്ട്. തൊഴില്‍വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളില്‍ അത്തരം തൊഴിലാളികള്‍ക്ക് കുറവുണ്ടാകുമ്പോള്‍ തൊഴിലുടമകള്‍ ക്ലോസ്ഡ് ഷോപ്പ് നടപ്പാക്കുന്നു. അതിന് സംഘടനകളെ ആശ്രയിക്കുകയും ചെയ്യും.

സ്റ്റേറ്റുകള്‍ തമ്മില്‍ ബന്ധപ്പെടുന്ന വ്യവസായങ്ങളില്‍ ക്ലോസ്ഡ് ഷോപ്പ് നിരോധിക്കുന്നതാണ് 1947-ല്‍ നടപ്പാക്കിയ ലേബര്‍ മാനേജ്മെന്റ് റിലേഷന്‍സ് ആക്റ്റ് (ടാഫ്റ്റ്-ഹാര്‍ട്ട് ലി ആക്റ്റ്).

യു.എസ്സിലും ന്യൂസിലന്‍ഡിലുമാണ് ക്ലോസ്ഡ് ഷോപ്പ് ഉടമ്പടി അധികമായുള്ളത്. ഇംഗ്ളണ്ടിലെ ട്രേഡ് യൂണിയന്‍ ആന്‍ഡ് ലേബര്‍ റിലേഷന്‍സ് (അമെന്‍ഡ്മെന്റ്) ആക്റ്റ്, 1976-ലും ഇതിന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1992-ലെ ട്രേഡ് യൂണിയന്‍ ആന്‍ഡ് ലേബര്‍ റിലേഷന്‍സ് നിയമപ്രകാരം 137(1) ക്ലോസ്ഡ് ഷോപ്പ് കരാറുകള്‍ ബ്രിട്ടനില്‍ പൂര്‍ണമായും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ ക്ലോസ്ഡ് ഷോപ്പ് കരാറുകള്‍ ഇല്ലെന്നുതന്നെ പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍